
ചെങ്ങന്നൂർ:സമഗ്രശിക്ഷാ കേരളം പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതിയായ കിഡ്സ് അത്‍ലറ്റിക്സിന്റെ ഭാഗമായി സ്പോർട്സ് കേരളം ഫൗണ്ടേഷനുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ് എസ് കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ നിർവഹിച്ചു. ചെങ്ങന്നൂർ ഉപജില്ലയിൽ 75 വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ ലഭ്യമാക്കുന്നു. കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതൽ തന്നെ വളരെ പ്രാധാന്യത്തോടു കൂടി നടപ്പിലാക്കുവാനും അതിനാവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉറപ്പാക്കുന്നതിനും എസ് എസ് കെ പിന്തുണ നൽകുന്നു. സ്പോർട്സ് കിറ്റുകളുടെ ഉപയോഗം സംബന്ധിച്ച് അധ്യാപകർക്ക് പരിശീലനവും സംഘടിപ്പിക്കുന്നു. ചടങ്ങിൽ എസ് എസ് കെ പ്രോഗ്രാം ഓഫീസർ മനോജ് കുമാർ എം, പുലിയൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ പ്രഥമാധ്യാപിക സീന ദാസ്, ക്ലസ്റർ കോർഡിനേറ്റർ സിന്ധു വി, സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.











